മനുഷ്യൻ - ഒരു ആമുഖം


അനന്തവും പ്രവിശാലവുമായ ഈ മഹാപ്രപഞ്ചത്തിലെ 10,000 കോടിയോളം വരുന്ന ഗാലക്സികളിലൊന്നായ, ആകാശഗംഗയിലെ 30,000 കോടിയോളം വരുന്ന സൌരയൂഥ മണ്ഡലങ്ങളില്‍ ഒന്നിലെ, ജീവനുണ്ടെന്ന് കണ്ടെത്തപ്പെട്ടിട്ടുള്ള ഭൂമി എന്ന ഗ്രഹത്തിലെ, ഒരു കോടിയോളം വരുന്ന ജീവ ജാലങ്ങളില്‍ സവിശേഷ ബുദ്ധിയും, ചിന്താ ശേഷിയുമുള്ള ഏക ജീവിയാണ് മനുഷ്യന്‍.
 കേവലം 40,000 വര്‍ഷങ്ങളായി മാത്രം ഭൂമിയില്‍ ജീവിച്ച് വരുന്ന മനുഷ്യന്‍ തന്‍റെ ചിന്താശേഷിയും സവിശേഷ ബുദ്ധിയും കൊണ്ട് , 400 കോടി പഴക്കമുള്ള ഈ ഭൂമിയെ ഇന്ന് അടക്കി വാഴുകയാണ്.

തനിക്കു ചുറ്റുമുള്ള ഈ മഹാ പ്രപഞ്ചത്തെക്കുറിച്ചും, പ്രകൃതിയെക്കുറിച്ചും അവയെ നിയന്ത്രിക്കുന്ന തനിക്ക് അതീതവും, അജ്ഞാതവുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും, അറിയാനും, മനസ്സിലാക്കാനുമുള്ള മനുഷ്യന്റെ അടങ്ങാത്ത ജിജ്ഞാസ, മനുഷ്യനെ എന്നും മറ്റ് ജീവികളിൽ നിന്ന് വേർതിരിച്ചു നിർത്തിയിരുന്നു.
താൻ ഉൾക്കൊള്ളുന്ന തന്റെ ചുറ്റുപാടിനെ അറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത ഈ അഭിനിവേശം, പ്രപഞ്ച രഹസ്യം തേടിപ്പോകാനും, പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളുറ്റെ കാര്യ കാരണങ്ങൾ ചികഞ്ഞ് വിശകലനം ചെയ്യുന്ന ശാസ്ത്ര ബോധത്തിലേയ്ക്കും അവനെ നയിച്ചു.


ജീവനത്തിനും അതിജീവനത്തിനുമായി സംഘം ചേർന്ന് ജീവിതമാരംഭിച്ച മനുഷ്യന്‌, പരസ്പരം സഹകരിക്കേണ്ടതിന്റേയും, സമൂഹ ജീവിതം നയിക്കേണ്ടതിന്റേയും ആവശ്യകത തുടക്കം മുതല്ക്ക് തന്നെ മനസ്സിലായിരുന്നുവെന്ന് വേണം കരുതാൻ. പരസ്പരം ആശ്രയിക്കുകയും സഹകരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന പാരസ്പര്യ ബോധത്തെ കൂടുതൽ മെച്ചപ്പെടുത്താനും, കാര്യക്ഷമമാക്കുവാനുമുള്ള മനുഷ്യന്റെ ചിന്തകളാവണം സാമൂഹിക ശാസ്ത്രങ്ങളുടെ പിറവിക്ക് വഴി വെച്ചത്.
മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർ തിരിക്കുന്ന, അവന്റെ സവിശേഷ ബുദ്ധി, തന്റെ നില നില്പ്പിനും, താനുൾപ്പെടുന്ന സമൂഹത്തിന്റെ മുന്നോട്ടുള്ള സുഗമമായ പോക്കിനും വേണ്ടി ചില സാമൂഹിക ക്രമങ്ങളിലേയ്ക്കും നിയമ നിർമ്മാണത്തിലേയ്ക്കും അവനെ നിർബന്ധിച്ചിരിക്കണം.

തുടക്കത്തിലെ ഇത്തരം ഗോത്ര നിയമങ്ങൾ, പലപ്പോഴും അവൻ പ്രകൃതിയിൽ കണ്ടു വരുന്ന പ്രാപഞ്ചിക നിയമങ്ങളുടെ പകർപ്പുകളെടുത്ത് അതിൽ തന്റേതായ വ്യാഖ്യാനങ്ങൾ വരുത്തിയുണ്ടാക്കിയതാവാൻ വഴിയുണ്ട്.


മനുഷ്യൻ എന്ന സമൂഹ ജീവി

മനുഷ്യൻ ഒരു സമൂഹ ജീവി ആവേണ്ടത്, പ്രകൃത്യാ അനിവാര്യമായ ഒരു ആവശ്യകതയായിരുന്നു.
മറ്റെല്ലാ ജീവികളുമെന്ന പോലെ മനുഷ്യ സൃഷ്ടിയുടേയും, നിലനില്പ്പിനാവശ്യമായ ഒരു അടിസ്ഥാന ഘടകം ഭക്ഷണം ആണെന്ന് കാണാം. ആ ഭക്ഷണം തേടി പ്പോകാനുള്ള ജന്മവാസനയും, അതു നേടിയെടുക്കാനുള്ള കഴിവും അവന്‌ പ്രകൃത്യാ തന്നെ ഉണ്ടായിരുന്നു. എങ്കിലും പില്ക്കാലത്ത്, തനിക്ക് മതിയായ ജീവിത വിഭവങ്ങൾ ഒരു വ്യക്തിയുടെ കഴിവ് കൊണ്ട് മാത്രം നേടിയെടുക്കാവുന്നതല്ല എന്ന തിരിച്ചറിവിൽ നിന്നാണ്‌, അവന്റെ വർഗ്ഗ സന്തതികളിൽ കൂടുതൽ പേരുടെ കഴിവുകൾ ഒരുമിച്ച് ചേർക്കേണ്ടതിന്റെ ആവശ്യകത അവൻ തിരിച്ചറിയുന്നത്.

ഈ സംഘ ബോധം അവനെ കൂട്ടമായി വേട്ടയാടുന്നതിനും കൃഷി ചെയ്യുന്നതിനും സഹായിച്ചു.

ഉദാഹരണത്തിനു, അരിയാഹാരം ഉല്പ്പാദിപ്പിക്കാനാവശ്യമായ കഴിവുകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാൽ നിലമുഴുത്, വിത്ത് വിതയ്ക്കുന്നത് മുതൽ, നെല്ച്ചെടി പരിപാലിക്കൽ, കൊയ്ത്ത്, മെതിക്കൽ, നെല്ല് കുത്തി അരിയാക്കൽ, അരി പൊടിച്ച് ധാന്യമാക്കൽ, മാവ് കുഴയ്ക്കൽ, പാചകം ചെയ്യൽ എന്നീ നീണ്ട പ്രക്രിയകൾ ഒരാളുടെ കഴിവു കൊണ്ട് മാത്രം ചെയ്തെടുക്കാവുന്നതല്ല എന്ന് ഏതൊരു സാമാന്യ ബുദ്ധിക്കും മനസ്സിലാക്കാവുന്നതാണ്‌.


അതായത് പരസ്പര സഹകരണ ശക്തി കൊണ്ട് ഒന്നിലധികം ആളുകൾ ചേരുന്ന ഒരു സമൂഹമായി മാറി, തങ്ങളേക്കാൾ എത്രയോ മടങ്ങ് കൂടുതൽ ആളുകൾക്ക് ഭക്ഷ്ൺനം ഉല്പ്പാദിപ്പിക്കാൻ കഴിയും എന്നുള്ളത് ഒരു സാമൂഹിക ക്രമത്തിന്റെ അടിസ്ഥാനമായി മാറി. പിന്നീട് ഈ സാമൂഹിക ക്രമം, അവന്റെ സുരക്ഷിതത്വത്തിനും, നിലനില്പ്പിനും മാത്രമല്ല, പില്ക്കാലത്ത് വസ്ത്രം പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾക്കും, അനുസൃതമായ രീതിയിൽ ഉപയോഗപ്പെടുത്താൻ മനുഷ്യൻ തീരുമാനിച്ചതോടെ അവ ചെറിയ കൂട്ടായ്മകളുടേയും, ഗോതൃസംസ്കാരങ്ങളുടേയും പിറവിക്ക് വഴി തെളിച്ചു.

ജോലി ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷങ്ങൾക്ക് അയവ് വരുത്താൻ കലാ, കായിക, സാംസ്കാരിക ആവശ്യങ്ങൾക്കും മനുഷ്യൻ സമൂഹ ശക്തിയെ ഉപയോഗിച്ച് തുടങ്ങി എന്ന് കാണാം.

വ്യക്തിത്വം
മനുഷ്യൻ എന്ന വ്യക്തി, മറ്റു വ്യക്തികളുമായി ചേർന്ന് സൃഷ്ടിക്കുന്ന സമൂഹം എന്ന കൂട്ടായ്മ വ്യവസ്ഥിതിയിൽ, ഒരു വ്യക്തി താൻ അനുവർത്തിക്കേണ്ടതും, മറ്റ് വ്യക്തികളിൽ നിന്ന് നാം പ്രതീക്ഷിക്കുന്നതുമായ ചില അടിസ്ഥാന സ്വഭാവ രീതികളെ നിർവ്വചിക്കേണ്ടത് വളരെ അത്യാവശ്യമായിത്തീർന്നു.

ഒരു വ്യക്തി, മറ്റൊരു വ്യക്തിയുമായോ, സമൂഹവുമായോ ഇടപെടുമ്പോൾ അയാൾ പ്രദർശിപ്പിക്കുന്ന, വൈകാരികവും, സ്വഭാവപരവും, മനോഭാവപരവുമായ നിലപാടുകളെയാണ്‌ പൊതുവെ അയാളുടെ 'വ്യക്തിത്വം' കൊണ്ട് വിവക്ഷിക്കുന്നത്.

വ്യക്തിത്വമെന്നത് വൈവിധ്യമാർന്ന അയാളുടെ സ്വഭാവത്തൈന്റേയും, മനോഭാവത്തിന്റേയും ആകെത്തുകയായ അയാളുടെ ഒരു 'ച്ഛായാ ചിത്രം' തന്നെയാണ്‌.


വ്യക്തിത്വം (Personality ) എന്ന പദം ലാറ്റിൻപദമായ (Persona ) എന്ന വാക്കിൽ നിന്നാണ്‌ ഉത്ഭവിച്ചത്‌. നാടക നടന്മാർ വേഷം മാറാൻ വേണ്ടി ഉപയോഗിച്ചിരുന്ന മുഖാവരണം എന്നാണ്‌ ഇതിന്റെ അർത്ഥം. ഒരു ബാഹ്യ പരിസ്ഥിതിയുമായുള്ള വ്യക്തിയുടെ സമായോജന രീതിയെയാണ്‌ വ്യക്തിത്വമെന്ന്‌ പറയുന്നത്‌ .
ജി. ഡബ്ല്യു ആൽപോർട്ടിന്റെ അഭിപ്രായത്തിൽ " ഒരു വ്യക്തിയുടെ സവിശേഷമായ ചിന്തയേയും, വ്യവഹാരത്തെയും നിർണ്ണയിക്കുന്ന കായിക മാനസിക വ്യവസ്ഥയുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്‌ വ്യക്തിത്വം ." (വിക്കിപീഡിയ)